ഈ വാക്കുകള്‍ മനസ്സിലുണ്ടാക്കിയ സന്തോഷം ആ ചലച്ചിത്രത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട കുറേ ദുരനുഭവങ്ങളുടെ ഓര്മകള്ക്ക് തല്ക്കാലം തടയിട്ടു.ഒരു പക്ഷേ ഒരു ക്യാമ്പസ് സിനിമയെക്കുറിച്ച് പത്രത്തില്‍ വന്ന ഏറ്റവും വലിയ റിപ്പോര്ട്ടായിരുന്നു 2007 ഫിബ്രവരി മാസത്തില്‍ മലയാള മനോരമയുടെ 'യുവ' പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടെ ഒരു സ്കൂള്‍ നല്ല സിനിമ കിനാവ് കാണുന്നു എന്ന തലവാചകത്തോടെ ലോകമെങ്ങുമുള്ള മനോരമ വായനക്കാര്‍ കണ്ടത്. കഴിവതും അനൌപചാരികമായി ക്ലാസുകള്‍ നഷ്ടപ്പെടുത്തി എന്ന പരാതിയില്ലാതെ ചലച്ചിത്രത്തെക്കുറിച്ചുള്ള പാഠങ്ങളുമായി ബന്ധപ്പെടുത്തി ഒരു സിനിമാ നിര്മാണാനുഭവം വിദ്യാര്ത്ഥികള്ക്ക് നല്കാന്‍ അധ്യാപകന് കഴിയില്ലേ എന്ന അന്വേഷണത്തിന്റെ ഉത്തരമായിരുന്നു ആ 40 മിനിട്ട് ക്യാമ്പസ് ഫീച്ചര്‍ ഫിലിം.സമീപസ്ഥര്‍ എത്ര മാത്രം ആ പ്രവര്ത്തനത്തെ അവഗണിച്ചോ അത്രയുമധികം അംഗീകാരം പ്രതീക്ഷിക്കാത്ത ചില കോണുകളില്‍നിന്ന് ആ ശ്രമങ്ങള്ക്ക് കിട്ടി എന്നതായിരുന്നു ശ്രദ്ധേയം.
പാതി ഗൌരവത്തിലും പാതി കളിയായും പറഞ്ഞാല്‍,മോഹ്സിന്‍ മക്മല്‍ബഫിന്റെ സിനിമകളിലെ പോരായ്മകളെന്തെന്ന് വിലയിരുത്തുന്നതിന് മുമ്പ് ഇറാനിലെ സാമൂഹിക പരിമിതികളെ കുറിച്ച് അറിയണം എന്നതുപോലെ സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവയുടേതായ ചുറ്റുപാടുകളെക്കുറിച്ച് ധാരണയുണ്ടാകുന്നത് നല്ലതാണ്..
'മാറ്റം'എന്ന സിനിമയുണ്ടായ ചുറ്റുപാടുകള്‍ ഇവയാണ് :
1 ഏതാണ്ട് വനമധ്യത്തിലെ വിദ്യാലയം.
2 ക്രിസ്ത്യന്‍ മാനെജ്മെന്റ്
3 മിനിമം ഒരു മണിക്കൂര്‍ യാത്രയെങ്കിലും ചെയ്യാതെ ഒരു സിനിമാ ടാക്കീസില്‍ എത്താന്‍ പറ്റാത്ത ഒരു കുഗ്രാമം.(പകലന്തിയോളം ചായക്കടകളില്‍ പൊറോട്ടയും ബീഫും മാത്രം കിട്ടുന്ന ഒരു നാട്.)
4 എസ്കര്‍ എന്ന പേരില്‍ യുവത്വത്തിന്റെ ഒരു കൂട്ടായ്മ ചില പ്രവര്ത്തനങ്ങള്‍ നടത്തുന്നു എന്നതൊഴിച്ചാല്‍ ഒരു വായന ശാലയോ സാംസ്കാരിക പ്രവര്ത്തനമോ കടന്നു ചെന്നിട്ടില്ലാത്ത ഒരിടം.എല്ലാം കൊണ്ടും 'കുടിയേറ്റ'കര്ഷകര്‍.(കാക്കനാടന്റെ ഓറോതയും കുഞ്ഞുവര്‍ക്കിയും മുത്തുകൃഷ്ണനുമെല്ലാം അദൃശ്യരായി മുത്തശ്ശിമാരും മുത്തശ്ശന്മാരുമായി വാഴുന്ന ഒരിടം)
5 എന്നാല്‍ വിദ്യാര്ഥികളാവട്ടെ ഏതുതരം പ്രവര്ത്തനത്തിനും സദാ സന്നദ്ധര്‍.അധ്യാപകരെ സ്നേഹാദരങ്ങള്‍ നിറഞ്ഞ സാന്നിദ്ധ്യം കൊണ്ട് സ്വീകരിക്കുന്നവര്‍.കല്മഷമില്ലാത്ത ഈ മനസുകളുടെ പുറത്ത് കലാപ്രവര്ത്തനം സുസാദ്ധ്യമായിരുന്നു.
നമുക്കൊരു സിനിമയെടുത്താലോ എന്ന് ഞാന്‍.
നല്ലൊരു കാമറയുമായി കൊമേഴ്സ് വിദ്യാര്ഥി ജസീം ഹമീദ് മുന്നോട്ടു വന്നു.തിരക്കഥ എഴുതാന്‍ റംസീനയെ പോലുള്ള ഹ്യുമാനിറ്റീസ് വിദ്യാര്ഥിനികള്‍ തയ്യാര്‍.പക്ഷെ എഴുതി വന്ന തിരക്കഥകള്‍ കേവലം ബാല ചാപല്യങ്ങളായി.അതുകൊണ്ട് തിരക്കഥയില്ലാതെ ഒരു സാധാരണ പ്ലസ് ടു വിദ്യാര്ഥിനിയുടെ ജീവിതത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറെക്കുറെ യഥാതഥമായി ചിത്രീകരിക്കുക എന്നാ തീരുമാനം നല്ലതാണെന്ന് തോന്നി. മേക് അപ് ഇട്ടു വെളുപ്പിച്ച് സൌന്ദര്യമുണ്ടാക്കേണ്ട.എന്തിനു വെളുത്തവര്‍ തന്നെ കഥാപാത്രങ്ങളാവണം എന്ന ചോദ്യം.തിരക്കഥയില്ലാതെ,എഴുതപ്പെട്ട സംഭാഷണങ്ങളില്ലാതെ ,അഭിനയിക്കുന്നവരോട് (സ്കൂളിലെ സ്റ്റാഫ് ,വിദ്യാര്ഥികള്‍ എന്നിവരെ വളരെ പെട്ടന്ന് തിരഞ്ഞെടുക്കുകയായിരുന്നു.)അതാതു സമയത്ത് സന്ദര്ഭോചിതമായ സംഭാഷണങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു.ചില ദൃശ്യങ്ങള്‍ പൊടുന്നനെ തീരുമാനിച്ച് ചിത്രീകരിച്ചു.ഉദാഹരണമായി,രശ്മി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു നാള്‍ ഞങ്ങള്‍ മലപ്പുറത്തേക്ക് ഒരു സ്കൂള്‍ ബസ് നിറയെ ചലച്ചിത്രവേദി അംഗങ്ങളുമായി പുറപ്പെട്ടു.രണ്ടു മണിക്കൂറിലധികം വരുന്ന യാത്ര.ഉദ്ഘാടകനായ ഡോ.സുകുമാര്‍ അഴീക്കൊടുമായി സംവദിക്കാനുള്ള അവസരം വിദ്യാര്ഥികള്‍ നഷ്ടപ്പെടുത്തിയില്ല.പത്രങ്ങള്‍ അതെക്കുറിച്ചുള്ള റിപ്പോര്ട്ടുകള്‍ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു.
ഇടവേളയില്‍ ഇത്തിരി സമയം മലപ്പുറം ബസ് സ്റാന്ഡില്‍ ചിലവഴിച്ചപ്പോള്‍ പെട്ടന്നൊരു ആശയം.വിദ്യാര്ഥികള്‍ ബസ്സ് കാത്തു നില്ക്കുന്നതും കയറുന്നതുമായ ഒരു രംഗം ചിത്രീകരിച്ചാലോ?
മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മന്ജുവിനെയും മറ്റു ചില കുട്ടികളെയും വിളിച്ചു.ആളൊഴിഞ്ഞ ഒരു ബസ് സ്റ്റാന്ഡില്‍ വന്നു നിന്നതും ഞങ്ങള്‍ ബസ്സുകാരെ സമീപിച്ച് ഒരു രംഗം ചിത്രീകരിക്കട്ടെ എന്ന് ചോദിക്കുന്നു.'വേഗമാവട്ടെ,ഞങ്ങള്ക്ക് പോകാനുള്ളതാണ്' എന്ന് കണ്ടക്ടര്‍.ഞൊടിയിടയില്‍ 'വായില്‍നോക്കിയായ ഒരു 'കിളി' ബസ്സില്‍ വിദ്യാര്ഥികളെ കയറ്റുന്ന രംഗം ജസീം കാമറയില്‍ പകര്ത്തി.ഒരു വീഡിയോ കാമറയല്ലാതെ മറ്റു ബഹളങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ചുറ്റുമുള്ളവര്‍ വിവരമറിഞ്ഞില്ല.
ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ഫെല്ലിനി ഇത്തരം on the spot ദൃശ്യങ്ങള്‍ പകര്ത്താറുണ്ടായിരുന്നെന്ന കേട്ടറിവാണ് സത്യത്തില്‍ ഇങ്ങനെയൊരു ദൃശ്യാവിഷ്കാരത്തിന് എനിക്ക് പ്രചോദനമായത്.
മറ്റൊരു ദിവസം,നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും ചലച്ചിത്ര നിര്മാതാവുമായ ആര്യാടന് ഷൌക്കത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'ജ്യോതിര്ഗമയ' എന്ന വിദ്യാഭ്യാസ പരിപാടിയില്‍ എന്റെ വിദ്യാര്‍ഥികളുടെ ഒരു ഫ്ലോട്ട് അവതരിപ്പിച്ചാലോ എന്ന ചിന്ത വന്നു.നിലമ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കി എന്ന് പ്രഖ്യാപിക്കാനുള്ള ആ ചടങ്ങില്‍ അവതരിപ്പിക്കാനുള്ള ഫ്ലോട്ടിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സില്‍ വന്നത് അതെ പഞ്ചായത്തില്‍ ആരും അത്ര ശ്രദ്ധിക്കാതെ ജീവിച്ചു പോകുന്ന ആദിവാസികളെക്കുറിച്ചായിരുന്നു.
ആദിവാസികളുടെ അക്ഷരജ്ഞാനം എങ്ങിനെയാവണം ? നമ്മുടെ 'സംസ്കൃത' ഭാഷയുപയോഗിച്ച് അവരെ പഠിപ്പിക്കുന്നതിന് പകരം അവരുടെ തന്നെ പദങ്ങള്‍ ഉപയോഗിച്ച് അവരെ വായിക്കാന്‍ പഠിപ്പിക്കണം എന്ന ആശയം മനസ്സില്‍ ഉദിച്ചു.വീടിന് അവര്‍ 'ചാള' എന്നാണു പറയാറ്.അങ്ങനെയെങ്കില്‍ ഒരു ചാള കെട്ടിയുണ്ടാക്കിയാലോ? ചാള കെട്ടാന്‍ 'പരമ്പു'വേണം.പരമ്പ് എവിടെ കിട്ടും?അന്ന് വൈകുന്നേരം വീട്ടിലേക്കു പോകുമ്പോള്‍ ഒരു പഴയ കടത്തിണ്ണയില്‍ ചിതലെടുക്കാന്‍ തുടങ്ങിയ പരമ്പ് ശ്രദ്ധയില്‍ പെട്ടു.കടക്കാരനോട് ചോദിച്ചപ്പോള്‍ എത്രയും പെട്ടന്ന് അതൊന്നു ഒഴിവാക്കി കിട്ടിയാല്‍ മതി എന്നാണ് അയാളുടെ ഉള്ളിലിരിപ്പ് എന്ന് മനസ്സിലായി.
പിറ്റേന്ന് സ്കൂള്‍ ബസ് നിര്ത്തിച്ച് ആ പരമ്പുകള്‍ കയറ്റി.തൊട്ടടുത്ത ദിവസമായിരുന്നു പരിപാടി.ഞാനും വിദ്യാര്ത്ഥികളും നിലമ്പൂരെ ഒരു ആദിവാസി കോളനിയില്‍ ചെന്ന് സഹായം തേടി.
'പുറത്തുള്ളവരോട്' ഇടപഴകുന്നതില്‍ സ്വതേ വിമുഖരായ ആദിവാസികള്‍ സംശയത്തോടെയാണ് നോക്കിയത്.പക്ഷെ സമീപവാസിയായ ഒരു സഹപ്രവര്ത്തകന്‍ ഇടപെട്ടത് മൂലം ആദിവാസികളിലോരാള്‍ ചാളയുണ്ടാക്കാന്‍ സഹായിച്ചു.മിനി ലോറിയില്‍ കെട്ടിയുണ്ടാക്കിയ ചാളക്ക് മുന്നില്‍ ആദിവാസികളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപികയായി ചലച്ചിത്രവേദി അംഗമായ മുബഷീറ എന്ന വിദ്യാര്ഥിനി നിന്നു.തൊട്ടടുത്ത് ബോര്ഡില്‍ വീട് എന്ന വാക്ക് വെട്ടി ചാള എന്ന് എഴുതിയിരിക്കുന്നു.മുന്നില്‍ ഏതാനും ആദിവാസി സ്ത്രീകള്‍ പഠിതാക്കളായി ഇരുന്നു.ഒപ്പം നൈസര്ഗിക ഭാഷയിലൂടെ അക്ഷരജ്ഞാനം എന്ന പ്ലക്കാര്ഡും.
അന്നേദിവസം നിലമ്പൂരിലെ സ്വന്തം പാര്‍ടി അണികള്‍ തന്നെ വിദ്യാഭ്യാസ മന്ത്രിയും ജ്യോതിര്‍ഗമയ പരിപാടിയുടെ ഉദ്ഘാടകനുമായ ശ്രീ എം.എ.ബേബിയെ തടഞ്ഞതിനാല്‍ പരിപാടികള്‍ വൈകിയാണ് തുടങ്ങിയത്.വേണ്ടത്ര വെളിച്ചമില്ലാതിരുന്നതിനാല്‍ സന്ധ്യക്ക് തുടങ്ങിയ ഘോഷയാത്രയില്‍ ഏക ഫ്ലോട്ടായ ഈ സൃഷ്ടി ശ്രദ്ധിക്കപ്പെടാതെ പോയി.പിറ്റേന്ന് പത്രം പുറത്തു വന്നത് മന്ത്രിയെ തടഞ്ഞ വാര്‍ത്തയുടെ കൂറ്റന്‍ തലക്കെട്ടുമായിരുന്നു.അതെന്തായാലും എന്റെ ലക്‌ഷ്യം നിറവേറിയിരുന്നു.ഒരു സിനിമക്ക് കലാ സംവിധായകന്റെ നേതൃത്വത്തില്‍ സെറ്റ് ഒരുക്കുക എന്നാ പാഠമായാണ് ഞാനതിനെ സമീപിച്ചത്.പങ്കെടുത്ത വിദ്യാര്‍ഥികളും അതൊരു വ്യത്യസ്ത അനുഭവമായി സ്വീകരിച്ചു.
ഇങ്ങനെ എത്രയോ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെട്ട് കടന്നു പോയി.പത്തു മാസം ശമ്പളം തടഞ്ഞു വെക്കപ്പെട്ട് സാമ്പത്തികമായി ദുരിതമനുഭവിക്കുകയായിരുന്ന എനിക്ക് ഈ കുഗ്രാമത്തിലെ ചലച്ചിത്ര സാഹസങ്ങള്‍ ആരുമറിയാതെ പോകുകയാണല്ലോ എന്ന സങ്കടം തീവ്ര വേദനയായിത്തന്നെ മനസ്സിലുണ്ടായിരുന്നു.അങ്ങനെയിരിക്കെയാണ് മലയാള മനോരമ പത്രത്തില്‍ മേല്പറഞ്ഞ വലിയ റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്.ഒരു ചെറു വാര്‍ത്ത പോലും സ്കൂളിനെക്കുറിച്ച് കൊടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നവരൊക്കെ സിനിമാപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഏതാണ്ട് മുഴുപേജ് വാര്‍ത്ത വായിച്ച് പുളകിതരാവും എന്നാണു ഞാന്‍ തെറ്റിദ്ധരിച്ചത്.എന്നാല്‍ അഭിനന്ദനത്തിന്റെ വാക്കുകള്‍ പറയാന്‍ ഏറെയാരുമുണ്ടായിരുന്നില്ല.അത് സിനിമാപ്രവര്‍ത്തനമല്ലേ :സിനിമക്ക് വിദ്യാഭ്യാസത്തിലെന്തു കാര്യം എന്ന ഒരു ഭാവം.വാര്‍ത്ത ശ്രദ്ധയില്‍ പെട്ടോ എന്നറിയാന്‍ ഞാന്‍ 'വലിയ' സ്കൂള്‍ മാനേജരെ വിളിച്ചു.
'ങാ ഞാന്‍ കണ്ടാരുന്നു ' എന്ന് നിര്‍മമമായി മറുപടി.
ഏതായാലും നിലമ്പൂര്‍ ആയിഷ സ്വിച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്ത 'മാറ്റം' എന്ന കാമ്പസ് ചിത്രത്തിന്റെ 'റിലീസിംഗ്' ആര്യാടന്‍ ഷൌക്കത്ത് ആണ് നിര്‍വഹിച്ചത് .
മൈസൂരിലെ ബഹുഭാഷാ പഠനകേന്ദ്രത്തിലായിരുന്നപ്പോള്‍ 'മാജിക് ലാന്റേണ്‍' എന്ന പേരില്‍ ഒരു ഫിലിം ജേണല്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളുമായി ഏറെ മുന്നോട്ടു പോവുകയും 'ഭാഷാ മന്ദാകിനി' എന്ന പ്രാദേശിക ഭാഷാ പഠനവുമായി ബന്ധപ്പെട്ട ചലച്ചിത്ര സംരംഭത്തില്‍,എന്റെ ഗുരുനാഥനും കന്നഡ നാടകാചാര്യനുമായ ലിംഗദേവരു ഹളെമനെയുടെ സാന്നിദ്ധ്യത്തില്‍ അഭിനയിച്ചു സഹകരിക്കുകയും ചെയ്ത് തുടങ്ങിയ എന്റെ ചെറു ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ പൊതുവേ ശ്രദ്ധിക്കപെടാതെ തന്നെ പോവുകയാണുണ്ടായത്.
മാജിക് ലാന്റേണ്‍ എന്ന ബെര്‍ഗ് മാന്റെ ആത്മകഥയുടെ പേരാണ് സത്യത്തില്‍ ഫിലിം ജേണലിന് ആ പേര് നല്‍കണമെന്ന തോന്നലുണ്ടാക്കിയത്.പഞ്ചാബിയായ ഡോ.രംഗീലയില്‍ നിന്ന് പഞ്ചാബി സിനിമയെ കുറിച്ചും കര്‍ണാടകത്തിലെ യുവ സംവിധായകനായ സരഗൂര് സിദ്ദെ ഗൌഡയില്‍ നിന്ന് കന്നഡ ചലച്ചിത്രത്തിന്റെ അണിയറകളിലെ ജാതീയതയെക്കുറിച്ചും അഭിമുഖം ശേഖരിച്ചതിനു പുറമേ anthropomorphizing എന്ന ചലച്ചിത്ര സാങ്കേതികതക്ക് പിന്നിലെ വര്ണ വിവേചന സ്വഭാവങ്ങളെ കുറിച്ച് സ്വന്തമായൊരു ലേഖനവും മറ്റും മറ്റും ഇംഗ്ലീഷിലുള്ള ആ ജേണലിനായി കരുതിവക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എന്റെ സ്നേഹിതരെ അതിന്റെ വിതരണാവശ്യങ്ങള്‍ക്കായി ചട്ടം കെട്ടി.എന്നാല്‍ അതെല്ലാം കേവലം ഓര്‍മ്മകള്‍ മാത്രമാക്കി മാറ്റിയത് പിന്നീടുണ്ടായ സര്‍വീസ് പ്രശ്നങ്ങളായിരുന്നു.ഒരു സ്കൂള്‍ ചലച്ചിത്രത്തിന്റെ തലത്തിലേക്ക് മാത്രമായി ചിന്തകള്‍ വ്യാപരിക്കാന്‍ തുടങ്ങിയതും പ്രസ്തുത പ്രശ്നങ്ങള്‍ കാരണമായിരുന്നു എന്ന് പറയാം.
എന്തായാലും ഒരവസരത്തില്‍ ഈ സ്കൂള്‍തല സിനിമാ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ ശ്രീ.കെ.ആര്‍.മോഹനന്റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം എന്നെ വിളിച്ച് സഹായകമായ ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ച്യ്തിരുന്നു.വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തിലേ തന്നെ അദ്ദേഹത്തിന്റെ 'പുരുഷാര്‍ത്ഥം' കാണാനും അത്തരം സിനിമകളുടെ ലോകമറിയാനും എനിക്ക് അവസരമുണ്ടായിരുന്നു.എന്നാല്‍ ഇന്ന് എന്റെ മുന്നിലെത്തുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ തെലുഗില്‍ നിന്നും മറ്റും മൊഴി മാറിയെത്തുന്ന അടിപൊളിചിത്രങ്ങളുടെ വര്ണ ശബളിമയില്‍ മയങ്ങി എന്തൊക്കെയോ കോപ്രായങ്ങള്‍ അനുകരിച്ച് കടന്നു പോകുന്നത് കാണുമ്പോള്‍ നല്ലൊരു ചലച്ചിത്ര വിദ്യാഭ്യാസത്തിനുള്ള പോംവഴികള്‍ എന്തെന്ന എന്റെ ഉത്കണ്ഠകള്‍ പങ്കുവെക്കാന്‍ ഏറെ പേരില്ല എന്ന് തോന്നിപ്പോകുന്നു.











No comments:
Post a Comment